Thursday, October 22, 2015

ആർഷ ഭാരത സംസ്കാരം ,

ആർഷഭാരതസ്കാരം, ഇപ്പോൾ അതൊരു കാപട്യം നിറഞ്ഞ ചിന്തയാണ്👈

💿ജീവിതം നിലനിർത്തുവാനും മെച്ചപ്പെടുത്തുവാനും മാനവ സമൂഹം നടത്തുന്ന ശ്രമങ്ങളുടെ ആകെത്തുകയാണ് സംസ്കാരം. സംസ്കാരം എന്നുള്ളത്‌ ആപേക്ഷികമാണെന്നാണ്‌
നരവംശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഒരു സമൂഹത്തിനെ പുറത്തു നിന്നു വീക്ഷിക്കുന്നവർക്ക്‌ അനുഭവപ്പെടുന്നതു പോലെയാകണമെന്നില്ല സമൂഹത്തിനകത്തുള്ളവർക്ക്‌ അതനുഭവപ്പെടുന്നത്‌.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സംസ്കാരം പുറമേ നിന്നു നോക്കുന്ന ഒരാൾക്ക്‌ ഒരു പോലെയായിരിക്കും,  ഇന്ത്യക്കാർക്ക് സംസ്ഥാനാടിസ്ഥാനത്തിൽ ആൾക്കാരുടെ അഭിരുചികൾ വ്യത്യസ്തമാണെന്നു അവർക്കനുഭവപ്പെടുന്നു. ജാതീയമായും
മതത്തിലധിഷ്ഠിതമായും സംസ്കാരത്തിനേ വേർതിരിക്കാറുണ്ട്‌.

ഒരു സ്ഥലത്തെ ജനങ്ങൾ തങ്ങളുടെ സംസ്കാരത്തെ ഉപേക്ഷിച്ച്‌ മറ്റു സംസ്കാരത്തെ സ്വീകരിക്കുന്നതു അപൂർവ്വമല്ല. ജനത സ്വയം സ്വീകരിക്കുന്നതുമൂലമോ, അധിനിവേശസംസ്കാരം ബലം പ്രയോഗത്തിലൂടെയോ ഇങ്ങനെ സംഭവിക്കാറുണ്ട്‌.  💿

എന്നാൽ
👉ആർഷഭാരതസ്കാരം, ഇപ്പോളതൊരു കാപട്യം നിറഞ്ഞ ചിന്തയാണ്👈

പഴയതുപോലെ ചാതുർവർണ്യത്തിലേക്കു തിരികെ പോകാനുളള വർഗീയ വാദികളുടെ അടവ്. അടിയാളൻമാരും കുലത്തൊഴിൽ ചെയ്യുന്നവരും നിലനിൽക്കേണ്ടതാണെന്നും സ്ത്രീ പാർശ്വവൽകരിക്കപ്പെടേണ്ടവരാണെന്നുമുളള അവരുടെ ഗുഢലക്ഷ്യത്തിൽ നിന്നും ഉടലെടുത്ത ചിന്ത.  സവർണനും അവർണനും എന്ന വേർതിരിവ് ഇന്ത്യൻ ജനതയുടെ മേൽ അടിച്ചേൽപ്പിക്കാനുളള പുറപ്പാടിന്റെ ഭാഗം മാത്രമാണ്.   ഒരു സമൂഹത്തിന്റെ സ്വഭാവരീതികൾ, ജീവിതരീതികൾ, കലാചാതുര്യം, വസ്ത്രധാരണം, ഭാഷ, ആചാരങ്ങൾ, വിനോദങ്ങൾ വിശ്വാസരീതികൾ തുടങ്ങിയവയെല്ലാത്തിന്റെയും ആകെ തുകയെ ആ പ്രത്യേക സമൂഹത്തിന്റെ സംസ്കാരം എന്നു പറയുന്നത്.

ആരാണ് സദാചാരത്തിന്റെ അതിർവരബു നിശ്ചയിക്കുന്നത്. അതിന്റെ നിർവചം എന്താണന്നുപോലും അറിയാത്ത പോങ്കൻമാരാണിവർ. അതാണ് അവർ ആർഷഭാരതസംസ്കാരത്തെ പെണ്ണിന്റെ ഉടുമുണ്ടിൽ കെട്ടിയിടാനാണ് ശ്രമികന്നത്. അവളുടെ ഉടുപ്പിലും നടപ്പിലും മാത്രമാണ് അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവിടെ പഴയതുപോലെ അവരുടെ ഇംഗിതത്തിനനുസരിച്ചു നിൽക്കുന്നില്ല എന്നതാണ് ഈ അസഹിഷ്ണുതക്കു കാരണം. അതുകൊണ്ടു തന്നെയാണ്  അവർ പെണ്ണിൽ മാത്രം ദ്യഷ്ടി വച്ച് സദാചാരത്തിന്റെ അപ്പോസ്തോലരാകാൻ ശ്രമിക്കുന്നതും.

പെണ്ണ്, സ്വകാര്യ സ്വത്താണന്നറിയിക്കാൻ നെറ്റിയിൽ സിന്ദൂരമണിയിച്ച്, അനക്കമറിയാൻ കാലിൽ കൊലുസിടുവിച്ച്, ആരെങ്കിലും ആക്രമിക്കാൻ വന്നാൽ സസ്വതന്ത്രമായൊന്നെതിർക്കാൻ കഴിയാത്ത വിധം,  ആണിന്റെ കണ്ണിനും മനസിനും കുളിർമയേകാൻ ഒറ്റച്ചേലയിൽശരീര വടിവു കാണിച്ച്, സ്നേഹത്തോടെയുളള ഭീഷണിക്കു വിധേയയാക്കി ാ പാർശ്വവൽക്കരിച്ച് അടിമയാക്കി.

  ഭൂമീദേവിയെന്നും  സാവിത്രിയാണന്നുമുളളഗീർവാണം കേട്ട് സുഖിച്ച് ചാരിത്ര്യം ശുദ്ധി,ശാലീനത എന്നിവയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ അറിയാത കണ്ണെഴുതി പൊട്ടുതൊട് പൂചൂടി ആഭരണ പ്രഭ വാരി വിതറി സർവംസഹയായി അകത്തമ്മ മാത്രമായി സപ്രമഞ്ചക്കട്ടിലിൽ അമർന്നിരുന്ന ഒരുകാലം ഉണ്ടായിരുന്നു. പെണ്ണിനവർ കൊടുത്തിരുന്ന ആ അലങ്കാരങ്ങളുടെ മരതകക്കാന്തിയിൽ സ്ത്രീകൾ  ആറാടിയിരുന്ന കാലം അസ്തമിച്ചിരിക്കുന്നു.

അവൾ പഴയതുപോലെയല്ല, ചന്തു മേനോന്റെ ഇന്ദുലേഖയേപ്പോലെ വിവരവും വിദ്ധ്യാസംമ്പന്നരും  അവകാശങ്ങളെക്കുറിച്ച് ബോധവതികളുമാണ്. പെണ്ണിനു മേൽ ആണിനല്ല അവൾക്കു തന്നെയാണ് അവകാശം എന്ന് അവൾ തിരിച്ചറിഞ്ഞു. പുരുഷ കേന്ദ്രീകൃത കുടുംമ്പസംവിധാനം ഊർദ്ധശ്വാസം വലിക്കാൻ തുടങ്ങിയിരിക്കുന്നു. പെണ്ണും അദ്ധ്വാനിച്ച് കുടുംമ്പം പോറ്റാനും  ഏതു മേഘലയിലും അവളുടെ കഴിവു തെളിയിക്കാനും അവൾക്ക് സാധിച്ചു.

അടിച്ചമർത്തലിന്റെ ഭലം നിശബ്ദതയാകുബോൾ ആ നിശബ്ദതയേയും അവർ അതിജീവിച്ചു, അന്യായത്തെ ചോദ്യം ചെയ്യാനുമുളള ആർജവവും നേടിയിരിക്കുന്നു

      അതുകൊണ്ടാണ് പുതിയ  അടവുനയവുമായി അവർ അവതരിച്ചിരിക്കുന്നത്. ന്യൂ ജനറേഷൻ പെണ്ണുങ്ങളെല്ലാംതന്ന കന്യകാത്വം നഷ്ടപ്പെട്ടവരാണെന്നും, വഞ്ചകികളാണ് എന്നും സിനിമയിലും രാഷ്ട്രീയത്തിലും സ്ഥാനമുറപ്പിക്കാൻ ശരീരം  ഉപയോഗിക്കുന്നു എന്നും  മറ്റുമുളള അഭിപ്രായപ്രകടനങ്ങൾ  നടത്തി  അവഹേളിച്ച് അവളുടെ വ്യക്തിത്വത്തെ ഉൻമൂലനം ചെയ്ത് പൊതുവേദികളിൽ നിന്നും  അകറ്റിനിർത്താനും
മണ്ണും പെണ്ണും ഉപഭോഗവസ്തുവാണന്നും സ്വകാര്യ ആവശ്യത്തിനു മാത്രമുപയോഗിക്കപ്പെടേണ്ടതാണന്നും ഉളള വിഷലിപ്തമായ ചിന്തകളെ കുട്ടികളിൽ പോലും കുത്തിവച്ച് വീണ്ടും പാർശ്വവൽക്കരിക്കാനുമുളള വർഗീയവാദികളുടെ സ്വകാര്യ  അജണ്ഡ. ഇപ്പോൾ തരം കിട്ടിയാൽ എട്ടിനേയും എൺപതിനേയും ഒരുപോലെ ആക്രമിച്ച് ഉപയോഗിക്കുന്നതും. എന്നിട്ട്  വൈകല്യത്തെ മറച്ചുപിടിക്കാൻ അവളുടെ കുപ്പായത്തെ  പഴിചാരുന്നതും അതിന്റെ ഭാഗമായേ കാണാനാകൂ.

പെണ്ണിനെ നാഴികയ്ക്കു  നാലുവട്ടം കുറ്റപ്പെടുത്തി പോസ്റ്റുകൾ നിക്ഷേപിക്കുബോൾ ഓർക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.ആദ്യം സ്ത്രീ സ്വാതന്ത്രം അവർ നിഷേധിക്കുക കാലക്രമേണ അത് സകല മേഘലകളിലേയ്കും വ്യാപിപ്പിക്കുക എന്ന ഉദ്ദേശമാണ്. അതിനു ചൂട്ടുപിടിച്ചു കൊടുക്കുന്നതോ സ്ത്രീ വിദ്വേഷികൾ എന്ന് നടിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും  അവർചിന്തിക്കാതെപോകുന്ന ഒരു കാര്യമുണ്ട് അതുവഴി  അവരവർക്കു സ്വയം കുഴിവെട്ടുന്നൂന്ന്. സ്ത്രീയുടെ സ്വതന്ത്രം നിഷേധിക്കുന്നതു വഴി ആണിന്റെ സ്വാതന്ത്രവും നിഷേധിക്കപ്പെടുകയാണ്. അതുകൊണ്ട് കിട്ടാത്ത മുന്തിരി  പുളിക്കും എന്ന നിലപാട് തിരുത്തേണ്ടതനിവാര്യമാണ്.

🐒 അവർണർ മാർഗം കൂടിയത് വർഗീയവാദികളെ ഭയന്നിട്ടായിരുന്നു. സ്വതന്ത്രമായി ജീവിക്കാനുളള അവകാശത്തിന്. അടിമത്വത്തിൽ നിന്നുളള മോചനത്തിനുവേണ്ടീ. എന്നാൽ ഗർബാപ്പസികൊണ്ടുദ്ധേശിക്കുന്നത്  സവർണമേധാവിത്വത്തിലേക്ക് തിരികെക്കൊണ്ടുപ്പോകാനാണ്.    പഴയ ചാതുർ വർണ്യത്തിലേക്ക് തിരികെപ്പോകാനുളള തയാറെടുപ്പിനല്ലങ്കിൽ പിന്നെ എന്തിനാണ് മറ്റു രാജ്യങ്ങളിൽ സ്ത്രീകളുമായി വേദി  പങ്കിടുന്നസ്വാമികൾ ഭാരതത്തിൽ വരുബോൾ മാത്രം സ്ത്രീ നിഷിദ്ധമാകുന്നത് എന്ന് ഒന്ന് ചിന്തിക്കുന്നത് ഭായിയിലെ സ്വാതന്ത്ര ജീവിതത്തിന് നല്ലതാണ്.

വ്യക്തി ജീവിതത്തിലേ മതത്തിന്റേയും വർഗീയവാദികളുടേയും ഇടപെടലുകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ അവസരമൊരുക്കും.
💿കേരളീയർ ഒരിക്കലും അതിന് മുഖാമുഖം നിന്നിട്ടില്ലാത്തതുകൊണ്ട് അതിന്റെ ഭീകരമായ അവസ്ഥ മനസിലാക്കാൻ കഴിയാതെ പോകുന്നു.💿

നാം അടുത്തകാലത്തായി മാത്രകണ്ടുവരുന്ന ഒരു പ്രവണത
ആരോടു മിണ്ടണം ആരുമായിസഹകരിക്കണം ആരേ വിവാഹം കഴിക്കണം എന്തു വസ്ത്രം ധരിക്കണം ഏതുഭക്ഷണം കഴിക്കണം എന്നിവയിലൊക്കെയുളള വർഗീയവിഷങ്ങളുടെ ഇടപെടലുകൾ. ആദ്യം ഗർ വാപ്പസി, അതുകൊണ്ട് ചലനങ്ങളൊന്നും സൃഷ്ടിക്കാൻ  കഴിഞ്ഞില്ല എന്ന തിരിച്ചറിവിലാണ് പശുവിനെ കൂട്ടുപിടിച്ചിരിക്കുന്നത്. പശു  എന്തുകൊണ്ടു ദൈവമായി പൂജിതയായി എങ്കിൽ  പാബിനെ തല്ലികൊന്നാൽ കൊല്ലുന്നവനെ കൊല്ലാത്തതെന്താ!!

       മാവോയിസ്റ്റുകളിലും ഭീകരമായി രാഷ്ട്രത്ത് ഭീകരന്തരിക്ഷം സ്യഷ്ടിച്ച് ജനങ്ങളെ ഭീഷണിയുടെമുൾമുനയിൽ നിർത്തി ഭരണകൂടത്തെ പ്പോലും വിലകല്പിക്കാതെ അനീതി നടപ്പാക്കാനും അക്രമം അഴിച്ചുവിടാനും ശ്രമിക്കുന്ന വർഗീയസംഘടനകളുടെ സഹായം സ്വീഹരിക്കാതെ അവ നിരോധിക്കാനുളള ആർജവം  നേതൃത്വം കാണിക്കേണ്ടത് കാലഘട്ടത്തിന്റെ അവശ്യമാണ്.

    ഭാരതം ഒരു ജനാധിപത്യ  രാഷ്ട്രമാണ് തീരുമാനം  ജനങ്ങളുടേതാണ്. ഇവിടെ ഭാരത ജനതയും  ബോധവൽക്കരിക്കപ്പെടേണ്ടതുണ്ട്. രാജാവ് അനുവദിച്ചാലേ വിപ്ലവം സൃഷ്ടിക്കാൻ കഴിയൂ എന്ന മനോഭാവം മാറ്റി രാജാവു നഗ്നനെന്ന് ഉറക്കെപ്പറയാനുളള ആർജ്ജവം കാണിക്കണം.

നാൽക്കാലി

            --നാൽക്കാലികൾ--

ഇന്നത്തെ അന്നത്തിനദ്ധ്വാനിച്ച്
പൈതലിൻ വയർ നിറച്ചരവയറിൽ
ഞങ്ങളും നല്ലനാളെയെകിനാവു കണ്ട്
പുറംപോക്കിലെ മൺകൂരയിൽ
ഞാനുമവളുമെൻ പൈതലും.

ക്ഷീണിതരായ് തളർന്നുറങ്ങീടവെ
ജാതിപ്പിശാചുക്കൾ പകർത്തിയൊ
രഗ്നിനാളം ഞങ്ങളെ വിഴുങ്ങുമ്പോ
ളാതീക്കനൽ വാരി എറിഞ്ഞവ
രാർപ്പുവിളിക്കുന്നു പൊട്ടിച്ചിരിക്കുന്നു.

എന്തിനാണച്ചാ അവരിങ്ങനെ
യെന്നുണ്ണിതൻ ചോദ്യംകേട്ടുഞാൻ
മൊഴിഞ്ഞുണ്ണീ  കേൾക്കുക
ഗോമാതാവിന്റെ മക്കളല്ലേയവർ
മൃഗത്തിനുണ്ടാമോ വിവേകവിചാങ്ങൾ

                                          --റോസ്--

Friday, October 16, 2015

തടവറ

-----തടവറ------

ജൂൺ 1 എന്തോസംഭവിക്കാൻ പോകുന്നു എന്നവളുടെ മനസു പറഞ്ഞുകൊണ്ടിരുന്നു, എങ്കിലും സുഖകരമായ ആ ഓർമകളിലേക്ക്  എപ്പോഴുമെന്നപോലെ എടുത്തെറിയപ്പെട്ടു .ഏതു വിഷമ ഘട്ടത്തിലായാൽ പോലും അവനോടൊത്തുളള ജീവിതത്തിൻറ്റെ  ഓർമകളിൽ അവളെത്തന്നെ മറക്കുമായിരുന്നു. ഇടക്കെപ്പോഴൊക്കെയോ എന്തിനെന്നറിയാതെ ഹൃദയം വേവലാതിപ്പെട്ടു. സൂര്യൻ പോലും അവളെ ഓർത്ത് വേദനിക്കുന്നതുപോലെ. മുഖം തരാൻ മടിച്ച് കാർമേഘത്തിലൊളിച്ചിരുന്ന് വല്ലപോഴും അവളെ എത്തിനോക്കുന്നതായി അവൾക്കുത്തോന്നി.സമയസൂചി ചലിക്കാൻ മടിക്കുന്ന പോലെ, അവളെ
ആ സമയത്തിലെത്തിക്കാതിരിക്കാൻ ഇഷ്ടമില്ലാതിരുന്നതുകൊണ്ടാവാം. അത്യന്തം വേദനയോടെ സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ
എരിഞ്ഞമർന്നു മറഞ്ഞിരിക്കുന്നു. പെട്ടന്ന് അവളേയും അവനേയും ബന്ധിപ്പിക്കുന്ന മീഡിയേറ്റർ അവൻ വിളിക്കുന്നു എന്നറിയിച്ചു. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷാതിരേഖത്താൽമനസ്
പിടഞ്ഞുതുളളി.മോബൈൽ വിറക്കുന്ന കൈയ്യാലെ എടുത്തു.എപ്പോഴും അവൻവിളിച്ചാൽ അങ്ങനെയാണ്.അവന്റെ ചോദ്യത്തിനു പോലും
ഉത്തരമില്ലാതെ ....അന്നും വിറയാർന്ന ഉടലുമായി അവൾ നിന്നു. അവന്റെ സ്വരം ഒരിക്കലും ഇല്ലാത്തപോലെ മൃദലമായിരുന്നു, അത് ഒരശുഭലക്ഷണമാണെന്നവളുടെ മനസു പറഞ്ഞു. പെട്ടന്ന് ഇടിത്തീപോലെ കാതുകളിൽ മുഴങ്ങി 'ഞാൻ പോകുന്നു'. അവളുടെ മനസ്  കൈവിട്ടുപോയി. കാലുകൾക്കു ബലം നഷ്ടപ്പട്ടു. ഒരു വല്ലാത്ത വേദനയോടെ കണ്ണുകൾ നിറഞ്ഞൊഴുകി.  അവൾ മൃദുവായി ചോദിച്ചു, ഇനിവരുമോ? ഇല്ല, ഒരു പ്രയോജനവു മില്ലാതെ എന്തിനു വരണം. ഉറച്ച മറുപടി അവനിൽ നിന്നു വന്നു. എന്നും അങ്ങനെ തന്നെയായിരുന്നു.മയമില്ലാതെ സംസാരിക്കാൻ അവനെന്നും കഴിഞ്ഞിരുന്നു. കണ്ണീരു കാണുന്നത് ഇഷ്ടമാണ് എന്നു തോന്നിയിട്ടുണ്ട്. തിരിച്ചൊന്നും പറയാൻ തോന്നിയില്ല. പ്രയോജനത്തിനു വേണ്ടി മാത്രം സ്നേഹം അഭിനയിക്കുകയായിരുന്നെങ്കിൽ... എന്നും എന്റേതായിരിക്കും എന്ന അവകാശ വാദത്തിൽ  ഒരു തരി ആത്മാർത്ഥത ഇല്ലായിരുന്നോ. എങ്കിൽ  ഇവിടെ ജനിച്ചവരിൽ ഏറ്റവും നിർഭാഗ്യവതി താനാണ് എന്നവൾ വേദനയോടെ ഒർത്തു. ആ തിരിച്ചറിവിന്റെ ഞെട്ടലിൽ അസ്തപ്രജ്ഞയായി ഒന്നുകരയാൻ പോലുമാകാതെ പരിസരം  മറന്ന് ചക്രവാളത്തിലേക്ക് കണ്ണുംനട്ട് അവൾ നിന്നു. എത്ര സമയം നിന്നു എന്നറിഞ്ഞില്ല. അത്ര സമയം സൂര്യനെ മറച്ച മേഘപടം അവളെ സമാധാനിപ്പിക്കാനെന്നവണ്ണം തുളളിക്കൊരുകുടം കണക്കെ മഴത്തുളളി വർഷിപ്പിച്ചു. അതവളുടെ ശരീരത്തിൽ പതിച്ചു.എങ്കിലും ചുട്ടുപൊളളുന്ന ആത്മാവിനെ തണുപ്പീക്കാൻ പര്യാപ്തമായിരുന്നില്ല അത്. ബോധം വീണ്ടെടുത്തപ്പോൾ ഒരാർത്ഥനാദം അവളിൽനിന്നുയർന്നു. വീട്ടിലേയ്ക്കോടി കട്ടിലിലേയ്ക്കുവീണു.  കണ്ണുനീരുകൊണ്ട് തലയിണ കുതിർന്നു. അവനെ സ്നേഹിച്ചുപോയി  എന്ന അപരാധം ഈ കണ്ണീരുകൊണ്ട് കഴുകിക്കളയുവാൻ കഴിഞ്ഞെങ്കിൽ. ഒന്നു മറക്കാനായെങ്കിൽ......

കാലമെത്ര കഴിഞ്ഞിരിക്കുന്നു,  ഒരിക്കലും ഓർമയിൽ സൂക്ഷിക്കാനോ ചേർത്തുനിർത്താനോ അല്ല എന്ന മുൻ വിധിയോടെയിരുന്നു അടുത്തത്  എങ്കിൽപോലും  ഒരു വാക്കിൽ അവളേ ഉപേക്ഷിക്കാനും, അന്നേ  ഓർമകളിൽ നിന്നുപോലും മായിച്ചു കളയാനും നിഷ്പ്രയാസം കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ്  പുതിയ  ജീവിതത്തിലേക്കും സ്വപ്നങ്ങളിലേക്കും  കടക്കാൻ സാധിച്ചത്.  ഇന്ന് അവളുടെ മുടിയിൽ വെളളി വര വീണുതുടങ്ങിയിരിക്കുന്നു. ജീവിതത്തോടും ഒറ്റപ്പെടലിനോടും പൊരുതി നിൽക്കാനും പൊരുത്തപ്പെടാനും കഴിഞ്ഞു, എന്നിട്ടും പാതി വഴിയിലിട്ടിട്ടു പോയതുകൊണ്ടാകാം, ആദ്യത്തേതും അവസാനത്തേതുമായി  അവൾക്കൊരാളോടു തോന്നിയ  അനുരാഗം അത്  ആരോടും ഒന്നു മനസു തുറക്കാനോ  ഒന്നു മറക്കാൻ പോലുമോ കഴിയാതെ  ഇന്നും മോചനമില്ലാതെ അവളുടെ മനസും സ്വപ്നങ്ങളും അവനേ തന്നെ ചുറ്റുന്നത്.

                                                                                                             --റോസ്--

Monday, October 5, 2015

അവകാശ നിഷേധികൾ

വ്യാധി                    

അഴിമതിയിൽ മുങ്ങിക്കുളിച്ച്,
പൗരന്റെന്യായമായ ആവശ്യങ്ങളിൽപോലും
മുഖംതിരിച്ച്, കൊർപ്പറേറ്റുകളുടേയും,
മാഫിയകളുടേയും, വർഗീയവാദികളുടേയും,
വക്താക്കളായ ഭരണകൂങ്ങളുടെ
ദുഷ്ചെയ്തികളെയും,

മൊത്തംകേരളീയരുടെ ആചാര്യനായ
ഗുരുനാമം കളങ്കപ്പെടുത്തി അവിശുദ്ധ
കൂട്ടുകെട്ടിലൂടെ ഭരണത്തിലേറാമെന്ന
മനപ്പായസമുണ്ണും സംഘടനാനേതൃത്വത്തേയും,

പൗരനേയും, അവരുടെ പ്രശ്നങ്ങളേയും,
അവഗണിച്ച് പ്രസ്ഥാനത്തിനായ്
വെട്ടാനും, കൊല്ലാനും, രക്തസാക്ഷിത്വം
വരിക്കാനും, അണികളെ മാനസികമായി
തയ്യാറാക്കുന്ന നേതൃത്വത്തേയും,

നേതൃത്വത്തിന്റെ ദുഷ്കൃത്യങ്ങളെ ചോദ്യം
ചെയ്യുന്നവരെ ഉന്മൂലനം ചെയ്യാനുളള
ചാവേറുകളുടെ മാനസീകാവസ്ഥയിലേക്ക്
തരംതാണു പോകുന്ന അണീകളേയും,

കീശ വീർപ്പികാനായ് തൊഴിലാളി സമരങ്ങൾ
അട്ടിമറിച്ചും, മുതലാളിക്കോശാനപാടിയും,
തൊഴിലാളിയുടെ അവകാശധ്വംശനംചെയ്ത
തൊഴിലാളി യൂണിയൻ നേതാക്കളേയും,

പൗരന്റെ ജീവിക്കാനുളള അവകാശത്തിലും,
വ്യക്തിസ്വാതന്ത്രത്തിന്മേലും കൈകടത്തി,
മൃഗങ്ങങ്ങൾക്കും, സവർണമേൽകോയ്മക്ക്  
അനുകൂലവുമായ നിലപാടെടുക്കുന്ന,
സ്ത്രീകളേയും അടിസ്ഥാന വർഗത്തേയും
പാർശ്വവൽക്കരിക്കാൻ കെണിയൊരുക്കുന്ന
ചീഞ്ഞു നാറുന്ന സാമൂഹ്യ വ്യവസ്ഥിതിയേയും,

പൗരാ നമ്മുടെ എതിർക്കുവാനുളള
ആർജവമില്ലായ്മയെ നിന്ദയോടെയും,
ഭീരുത്വത്തെ പുച്ഛത്തോടെയും,
വിധേയത്വത്തെ വെറുപ്പോടെയും,
കീഴടങ്ങലിനെ ഭയത്തോടെയും കാണുക
എന്തെന്നാൽ അവ ജൈവായുധമാണ്,
മനസിൽനിന്നും മനസിലേക്കു പരക്കുന്ന വ്യാധി.

Friday, October 2, 2015

വിധി

                 വിധി
അവന്റെ ഹൃദയംകടുപ്പമേറിയ
വജ്രത്താൽ സൃഷ്ടിക്കപ്പെട്ടതും,
കാണാൻ അതിഭംഗിയെറിയും
അത്യാകർഷണീയവുമായിരുന്നു,
ഇന്നോളം കാണാത്ത വ്യക്തിത്വവും
സൗന്ദര്യവും  അവനുണ്ടായിരുന്നു.
ഒരവാച്യമായ ലഹരിയിൽ മയങ്ങിയതും
സർവംമറന്നതും , അതിനാലാവാം.
അവനുമുൻപിൽ അസ്ഥിത്വമില്ലാതെയും
അഭിമാനം  മറന്നനുസരണയുളള
അടിമമാനസ്വിയായതും, അവന്റെ
പ്രഭാവലയത്തിലകപ്പെട്ടതിനാലാകാം.
മോചനമില്ലാതെ പാപംപേറുന്ന
മനസുമായലയേണ്ടിവന്നതും
പ്രിയമാനസാ നീഎവിടെയാകുന്നു.
അശാന്തിയുട. തീരങ്ങളിൽ തനിച്ചാക്കി
നീ എവിടേയ്കാണുപോയത്.
ഞാൻ നിന്നെ അന്വേഷിച്ചലഞ്ഞു
എവിടേയും കണ്ടില്ല താനും.
നീ എന്നും മുന്തിരിത്തോപ്പിൽ
എന്നോടൊപ്പമുണ്ടവൂമെന്നു
വാഗ്ദദത്തവും തന്നിരുന്നല്ലൊ
നീ രാജവസ്ത്രംധരിച്ച്
സിംഹാസനത്തിലമർന്ന്
എന്റെ ചെവികളിൽ പറഞ്ഞിരുന്നു
എത്ര സ്വയംവരംകഴിഞ്ഞാലും
 നീയെന്നുമെന്റെ ചക്രവർത്തിനി എന്ന്.
ഇഷ്ട പൂർത്തീകരണത്തിനുവേണ്ടി
ഞാനൊരു വരം ചോദിച്ചപ്പോൾ
ചോദിച്ചതിലുംമേലേയായിരുന്നല്ലോ.
എന്നിട്ടെന്നെ ഏകയാക്കിമറഞ്ഞപ്പോൾ
കൂരിരുട്ടിൽ ദിശയറിയാതെ ഉഴലുമെന്നും
ആലംബമറ്റവളാകുമെന്നും
നിനക്കറിയാമായിരുന്നതല്ലെ
ബന്ധങ്ങൾ ബന്ധനമാകുമെന്നുപറഞ്ഞ്
ഓടിയൊളിച്ചപ്പോൾ നിൻറ്റെ മനസ്
ശാന്തമായിരുന്നൊ?
ഇപ്പോൾനിത്യബന്ധനത്തിൻറ്റെ
ആറിഴ നൂലിൽ കുരുക്കിയെടുത്തപ്പോൾ
അതു പട്ടുനൂലിൻറ്റെ മൃദുത്വമുളള ചങ്ങലയായതും, ബന്ധനമല്ലാതെയുമായിരിക്കുന്നു.
ഞാനിവിടെയുണ്ട്
ഏകാന്തത തീർത്ത തടവറയിൽ.
നീ ചക്രവർത്തിയാണ് ചക്രവർത്തി തന്നെയാണ്
ജീവൻകളയേണ്ടിവന്നാലും വാഗ്ദത്തങ്ങൾ
പാലിക്കേണ്ടവൻ .
നീ സൂര്യവംശജനുമാണ്
വാക്കുകൾപാലിക്കപ്പെട്ടേ മതിയാകൂ,
അതിനായ് ഏഴുയജൻമങ്ങൾമപ്പുറം
കാത്തിരിക്കാം,
കാരണം അടയാളം കാണിക്കാൻ
ഒരു മുദ്രമോതിരം നീ എനിക്കു തന്നില്ലല്ലൊ.